വിശ്വാസ വീഥികൾ
വിശ്വാസ വീഥികൾ എന്ന പരമ്പരയിൽ സർവ്വ മതങ്ങളുടയും പൗരാണികമായ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇത്തവണ കൊല്ലം ജില്ലയിലെ കടയ്ക്കലിനും അഞ്ചലിനുമിടയിൽ സ്ഥിതി ചെയ്യുന്ന കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തെ പരിചയപ്പെടാം.

എഡി ആറാം നൂറ്റാണ്ടിൽ നിർമ്മാണം ആരംഭിച്ച ഒറ്റ പാറയിൽ തീർത്ത ഈ ശിവക്ഷേത്രം പഴക്കം മൂലം പുരാവസ്തു വകുപ്പിന്റെയും ടൂറിസം സാദ്ധ്യതകൾ മുന്നിൽ കണ്ട് വിനോദ സഞ്ചാര വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോഡും ചേർന്നാണ് പരിപാലിക്കുന്നത്.

റിട്ട. അദ്ധ്യാപകനും ചരിത്രകാരനും എഴുത്തുകാരനുമൊക്കെയായ ശ്രീ. തുളസി കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വിശദമായി പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കായി.
കേരളത്തിലെ വളരെ പ്രശസ്തമായ ഗുഹാ ക്ഷേത്രത്തിന്റെ എഴുത്ത് കുത്തുകളിലുള്ള പേര് കൽ തൃക്കോവിൽ മഹാദേവർ ക്ഷേത്രം എന്നാണ്. എന്നാൽ നാട്ടുകാരും മറ്റ് ദേശക്കാരും പറയപ്പെടുന്നത് കോട്ടുക്കൽ ഗുഹാ ക്ഷേത്രം എന്നാണ്.

കോട്ടുക്കൽ എന്ന വാക്ക് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. കോട്ടുക്കൽ എന്ന വാക്ക് പിരിയുമ്പോൾ കല്ല് കോട്ടിയ സ്ഥലം എന്നാണ്. കല്ലുകൾ അല്ലെങ്കിൽ കല്ല് കൊണ്ട് ഒരു ഗുഹ ഉണ്ടാക്കി. അങ്ങനെയാണ് ആ നാട് കോട്ടുക്കൽ എന്ന പേരിൽ പ്രശസ്തമായത്. ഈ ക്ഷേത്രത്തിന് വളരെ അധികം പ്രാചീനത അവകാശപ്പെടാൻ കഴിയുന്നതാണെന്ന് ചരിത്രകാരൻമാരും മറ്റ് ഗവേഷകരും പറഞ്ഞിട്ടുള്ളതാണ്.

വയലിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ഒരു ആന കിടക്കുന്നത് പോലെയാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്.
ഇപ്പോൾ ഈ ക്ഷേത്രത്തിന് ചുറ്റും ദേവസ്വം ബോഡ് കല്ലുകൾ പാകിയിരിയ്ക്കുകയാണ്.
ആദ്യ കാലത്ത് അതായത് മുപ്പത് വർഷങ്ങൾക്ക് മുൻപ് പൂർണ്ണമായും ചുറ്റിലും വയൽ ആയിരുന്നു. വയലിന്റെ മദ്ധ്യത്തുള്ള വരമ്പിലൂടെ നടന്നായിരുന്നു ഭക്ത ജനങ്ങൾ ഗുഹാ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നത്. ഈ ക്ഷേത്രത്തിന് രണ്ട് മുറികളാണുളളത്. കിഴക്ക് ദർശനമുള്ള ഈ മുറികളുടെ മദ്ധ്യ ഭാഗത്തായി പ്രധാന പ്രതിഷ്ഠകളിലൊന്നായ ഗണപതിയുടെ പ്രതിഷ്ഠ കാണാം.


ഈ രണ്ട് മുറികളും കൃത്യവും തുല്യവുമായ അളവിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്.. എട്ട് മീറ്റർ വീതിയും പത്ത് മീറ്റർ നീളവുമാണ്. ഈ രണ്ട് മുറികളിൽ വലത് ഭാഗത്തെ മുറിയിൽ നടുവിലായി ഒരു ശിവലിംഗ രൂപം കാണാം. ഈ ശിവലിംഗo പ്രതിഷ്ഠിച്ചതല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പകരം അതിന് അകത്തുള്ള കല്ല് കൊത്തി മാറ്റി ശിവലിംഗ രൂപത്തിലേയ്ക്ക് കൊത്തി എടുത്തതാണ്. എ ഡി നാലാം നൂറ്റാണ്ടിൽ ആയ് രാജ വംശ കാലത്താകണം വലത് ഭാഗത്തുള്ള മുറി നിർമ്മിച്ചത് എന്ന് ഊഹിയ്ക്കാം. കാരണം അതിന് മുന്നിൽ കാണുന്ന ഹനുമാൻ വിഗ്രഹം അതിന് ആധാരമായി ഗവേഷകർ കണ്ടെത്തിയിരിയ്ക്കുന്നത്.

പല്ലവ രാജ വംശ കാലത്ത് ഇടത് ഭാത്തെ ക്ഷേത്രവും അതുമായി ബന്ധപ്പെട്ട പ്രതി ഷ്ഠകളും നിർമ്മിച്ചിരിയ്ക്കുന്നത്. കാരണം പല്ലവ രാജ വംശ കാലത്താണ് ക്ഷേത്രത്തിന്റെ മുന്നിൽ കമാനങ്ങൾ തീർത്തത്. ഏകദേശം 300 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ക്ഷേത്രം നിർമ്മിയ്ക്കപ്പെട്ടത്. അങ്ങനെ രണ്ട് കോവിലുകൾ തമ്മിലുള്ള വ്യത്യാസം എകദേശം 400 വർഷമാണ്. 200 വർഷമെങ്കിലും ഈ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് വേണ്ടി വന്നിരിയ്ക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഇനി മദ്ധ്യ ഭാഗത്തേയ്ക്ക് എത്തുമ്പോൾ ഒരു ഗണപതി പ്രതിഷ്ഠ കാണാം. ഗണപതി, ശിവ, നന്ദി കേശ പ്രതിഷ്ഠകൾ ഉണ്ടെങ്കിൽ അതൊരു പൂർണ്ണ ശിവൻ കോവിലാണെന്ന് ശിവപുരാണം പറയുന്നു. ശിവ താന്ത്രി കത്തിലും ഇങ്ങനെയാണ് പറയുന്നത്. അതായത് ഒരു നന്ദികേശ പ്രതിഷ്ഠ മുൻപിലായും ഗണപതി പ്രതിഷ്ഠ ഇടത് ഭാഗത്തായും ശിവ രൂപം മദ്ധ്യ ഭാഗത്തായും വന്നാൽ അത് ഒരു പുർണ്ണ ശിവൻ കോവിലാണ്. അങ്ങനെയുള്ള ശിവലിംഗം അടങ്ങിയ പൂർണ്ണ കോവിലിനും ഇടത് ഭാഗത്തും ഇത് പോലെ വലിപ്പമുള്ള മുറിയാണ് കാണുന്നത്.

ആ മുറിയുട പ്രത്യേകത അതിന്റെ മുൻപിൽ ഒരു മണ്ഡപം ഉണ്ടെന്നുള്ളതാണ്. മണ്ഡപത്തിന്റെ ഇടത് ഭാഗത്തായി ഒരു ഗണപതി പ്രതിഷ്ഠയുമുണ്ട്. മാത്രവുമല്ല ഈ പാറ ശിവന്റെ ഭൂതഗണങ്ങൾ ചുമന്ന് കൊണ്ട് വന്നു എന്ന് പറയുന്ന ചുമ്മാട് പാറ ഈ ശിവ ക്ഷേത്രത്തിന്റെ അഞ്ഞൂറ് മീറ്റർ ദൂരത്തായി വയലിന്റെ മദ്ധ്യ ഭാഗത്തായി ഇപ്പോഴുമുണ്ട്. ഈ അമ്പലം ഇന്ന് പുരാവസ്തു വകുപ്പ്, വിനോഭ സഞ്ചാര വകുപ്പ് ദേവസ്വം ബോഡ് തുടങ്ങിയവയുടെ നിയന്ത്രണത്തിൽ ആയതിനാൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ മൂലം ക്ഷേത്ര പുരോഗതിയ്ക്ക് ആവശ്വമായ കാര്യങ്ങൾ ഇവിടെ നടക്കുന്നില്ല എന്ന പരാതി ഭക്ത ജനങ്ങൾക്കുണ്ട്.
കിണർ

ഗുഹാ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇവിടുത്തെ കിണറാണ്. ഇത് വയലിന്റെ നടുവിലായാണ് നിർമ്മിച്ചിരിയ്ക്കുന്നത്. വയൽ അല്പം താഴ്ത്തി നോക്കിയാൽ മുഴുവൻ പാറയാണ്. ആ പാറയുടെ ഒരു ഭാഗത്തായിട്ട് മൂന്ന് പാറകൾ ചേരുന്നിടത്താണ് ഈ കിണർ സ്ഥിതി ചെയുന്നത്. കിണറിന്റെ അടിയിലേയ്ക്ക് പോകുംതോറും വ്യാസം കുറഞ്ഞ് കുറഞ്ഞ് ആഴം എത്രയാണെന്ന് ആർക്കും അറിയില്ല. കാരണം അത്രയും ജല സമ്പുഷ്ടമാണ് വേനലിൽ പോലും ഈ കിണർ.


ക്ഷേത്രത്തിലേയ്ക്ക് എത്തി ചേരാനുള്ള വഴികൾ.
കടയ്ക്കൽ നിന്നും കോട്ടുക്കൽ ഗുഹാ ക്ഷേത്രം വരെ:

ദൂരം: ഏകദേശം 8.8 കി.മീ.
യാത്രാ സമയം: 15 മിനിറ്റ് (അഞ്ചൽ കടയ്ക്കൽ റോഡ്)
ആയൂർ നിന്നും കോട്ടുക്കൽ ഗുഹാ ക്ഷേത്രം വരെ:
ദൂരം: ഏകദേശം 7.7 കി.മീ.
യാത്രാ സമയം: 13 മിനിറ്റ് (ആയൂർ – മഞ്ഞപ്പാറ – കോട്ടുക്കൽ റോഡ് വഴി)
അഞ്ചൽ നിന്നും കോട്ടുക്കൽ ഗുഹാ ക്ഷേത്രം വരെ:
ദൂരം: ഏകദേശം 5.6 കി.മീ.
യാത്രാ സമയം: 11 മിനിറ്റ് (അഞ്ചൽ – കടയ്ക്കൽ റോഡ് വഴി)
ക്ഷേത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്:
ലൈജു വി. എൽ (ഉപദേശക സമിതി പ്രസിഡന്റ് )
9544440059
ജിതിൻ എം. ജെ
(സെക്രട്ടറി)
















